മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു
text_fieldsഇരിക്കൂർ: പെരുവളത്ത്പറമ്പ് വയക്കര ജുമാമസ്ജിദ് പരിസരത്ത് വീട്ടുമതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ദേഹത്ത് വീണ് യുവാവ് മരിച്ചു. ഇരിക്കൂർ ചെറുവണ്ണിയിലെ ഐറ്റാണ്ടി പുതിയപുര ഹൗസിൽ എ.പി. ഷുഐബ്(24) ആണ് മരിച്ചത്. മുക്രിൻറകത്ത് മുഹമ്മദിെൻറയും എ.പി. ആയിഷയുടെയും മകനാണ് ഷുഐബ്.
ശ്രീകണ്ഠപുരം നഗരസഭയിലെ വയക്കരയിൽ മാതൃസഹോദരൻ ശിഹാബുദ്ദീെൻറ വീടിെൻറ മതിൽ കെട്ടിക്കൊണ്ടിരിക്കവെയാണ് 25 അടി ഉയരത്തിൽനിന്ന് മണ്ണിടിഞ്ഞത്. കൂടെ ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം കനത്ത മഴയിൽ ഉയരത്തിലുള്ള മണ്ണ് ഇടിഞ്ഞിരുന്നു. ഇത് മാറ്റിയ ശേഷം ചെങ്കല്ല് ഉപയോഗിച്ച് മതിൽ നിർമിക്കുന്നതിനിടെ ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. ഉടൻ നാട്ടുകാർ ഇരിക്കൂർ പൊലീസിലും മട്ടന്നൂർ അഗ്നിശമന സേന വിഭാഗത്തിലും വിവരമറിയിച്ചു. മണ്ണുമാന്തിയന്ത്രം എത്തിച്ച് മണ്ണ് നീക്കി ഷുഐബിനെ പുറത്തെടുത്ത് ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സ്മാരക ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇരിക്കൂർ പാലം സൈറ്റ് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
സഹോദരങ്ങൾ: എ.പി. മുജീബുറഹ്മാൻ, നജീബ് (യു.എ.ഇ), ഇസ്മാഈൽ (റെയിൻബോ ഹാർഡ് വേഴ്സ് ഇരിക്കൂർ), അബ്ദുൽ അസീസ്, ഇർഫാന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.